സ്പ്രിംഗ്‌ളര്‍ തട്ടിപ്പ്:നാളെ മുതല്‍ എന്നും വാര്‍ത്താ സമ്മേളനമില്ല

സ്പ്രിംഗ്‌ളര്‍ തട്ടിപ്പ്:ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; നാളെ മുതല്‍ എന്നും വാര്‍ത്താ സമ്മേളനമില്ല;മുഖ്യമന്ത്രി ദുരുഹതയുടെ ഗുണഭോക്താവാണ് എന്നും വിശ്വസിക്കേണ്ടി വരും ; ശ്രീമതി ശോഭാസുരേന്ദ്രൻ

സ്പ്രിംഗ്‌ളര്‍ തട്ടിപ്പ്:നാളെ മുതല്‍ എന്നും വാര്‍ത്താ സമ്മേളനമില്ല

കേരള സര്‍ക്കാര്‍ സ്പ്രിംഗ്ലര്‍ കമ്പനിക്ക് ജനങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറി എന്ന ആരോപണത്തിന് ഐടി വകുപ്പ് മറുപടി നല്‍കും എന്ന് പറഞ്ഞു തലയൂരിയ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തത്തില്‍ നിന്നാണ് പിന്നോട്ടു പോയിരിക്കുന്നത്; പദവിക്കു ചേരാത്ത ഒളിച്ചോട്ടം. ഒന്നാമതായി, സംസ്ഥാന സര്‍ക്കാരിലെ ഏതു വകുപ്പുമായി ബന്ധപ്പെട്ട് ഈ വിധം ഗുരുതരമായ ആരോപണം ഉയര്‍ന്നാലും അതിനു മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. ഏതു വകുപ്പില്‍ എന്തൊക്കെ നടക്കുന്നുവെന്ന് മുഖ്യമന്ത്രി അറിഞ്ഞേ പറ്റൂ. ഗവര്‍ണര്‍ വിജ്ഞാപനം ചെയ്ത് എല്ലാ വകുപ്പുകളും ഏല്‍പ്പിക്കുന്നത് മുഖ്യമന്ത്രിയെയാണല്ലോ. അദ്ദേഹം മറ്റു മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
ഇവിടെ ഇപ്പോള്‍, മുഖ്യമന്ത്രിതന്നെ നേരിട്ട് ഭരിക്കുന്ന പ്രധാന വകുപ്പുകളിലൊന്നായ ഐടിക്കെതിരേയാണ് ആരോപണം. എന്നിട്ടും മുഖ്യമന്ത്രി കാഴ്ചക്കാരന്റെ റോളില്‍ നില്‍ക്കുന്നു. അങ്ങനെയാണെങ്കില്‍ ഇനി പൊലീസുമായി ബന്ധപ്പെട്ട എന്തും ആഭ്യന്തര വകുപ്പ് സെക്രട്ടറിയോടോ ഡിജിപിയോടോ മാത്രമാണോ ചോദിക്കേണ്ടി വരിക? 27 വകുപ്പുകളുണ്ടല്ലോ മുഖ്യമന്ത്രിയുടെ പക്കല്‍; അവിടെ എവിടെ എന്തു മലമറിഞ്ഞാലും മുഖ്യമന്ത്രി ഇങ്ങനെ എന്തെങ്കിലും പറഞ്ഞു രക്ഷപ്പെടുമോ.
അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടം മുട്ടിയിരിക്കുന്നു എന്നാണ് ലളിതമായി കേരളജനതയ്ക്കു മനസ്സിലാകുന്ന സത്യം.

ആരോഗ്യപ്രവര്‍ത്തകര്‍ സ്വന്തം സുരക്ഷ പോലും അവഗണിച്ച് രാപ്പകലില്ലാതെ നടത്തുന്ന കൊവിഡ് വിരുദ്ധ പോരാട്ടത്തിന്റെ വിവരങ്ങള്‍ കൈയിലെ കുറിപ്പില്‍ നോക്കി ചതുരവടിവില്‍ മാധ്യമങ്ങളോടു പറയുന്നതു മാത്രമാണോ മുഖ്യമന്ത്രിയുടെ ചുമതല. നാടിന്റെ സുരക്ഷയെയും ജനങ്ങളുടെ സ്വകാര്യതയയെും ബാധിക്കുന്ന ഗുരുതരവിഷയത്തില്‍, അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന മട്ടില്‍ പ്രതികരിക്കുന്നതാണോ സുതാര്യ ഭരണം?

വിഷയം വിവാദമായപ്പോള്‍ യുഎസ് കമ്പനിയായ സ്പ്രിംഗ്‌ളറിന്റെ വെബ് പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ച് ഉത്തരവ് ഇറങ്ങി എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രചരിപ്പിച്ച വാര്‍ത്ത. സംസ്ഥാന സര്‍ക്കാരിന്റെ വെബ് സൈറ്റിലാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് എന്നായിരുന്നു പ്രചരണം. പക്ഷേ, അത് ജനങ്ങളെയും മാധ്യമങ്ങളെയും പരിഹസിക്കുന്ന നടപടിയായിരുന്നു എന്നാണ് പിന്നീട് വ്യക്തമായത്. സര്‍ക്കാര്‍ സൈറ്റിലേക്കു അപ്‌ലോഡ് ചെയ്യുന്ന ബന്ധപ്പെട്ട വിവരങ്ങള്‍ നേരേ സ്പ്രിംഗ്ലറിന്റെ സൈറ്റിലേക്കു തന്നെയാണു പോകുന്നത്. അതായത് രണ്ടു ഡൊമൈനുകളും പരസ്പര ബന്ധിതമാണ്. ഇതുവരെ ശേഖരിച്ചു കഴിഞ്ഞ രണ്ടര ലക്ഷത്തിലധികം ആളുകളുടെ വിവരങ്ങള്‍കൊണ്ട് സ്പ്രിംഗ്‌ളര്‍ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്നത് പേടിപ്പിക്കുന്ന ചോദ്യമായി അവശേഷിക്കുന്നത്. നമ്മുടെ വിവരങ്ങള്‍ വച്ച് വിദേശ കമ്പനി നാളെ നമ്മളോട് അനുബന്ധ വിവരങ്ങള്‍ തേടുമോ, നമ്മള്‍ മനസ്സറിയാതെ ആരുടെയോ, എന്തിന്റെയൊക്കെയോ മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ ഉപകരണങ്ങള്‍ ആവുകയാണോ?

ഇന്ത്യയുടെ പാര്‍ലമെന്റ് പാസാക്കിയ പൗരത്വനിയമ ഭേദഗതി ഇവിടെ നടപ്പാക്കില്ല എന്ന് പ്രഖ്യാപിക്കാന്‍ ധാര്‍ഷ്ട്യം കാണിച്ച മുഖ്യമന്ത്രിയാണ് കൊവിഡിന്റെ മറവില്‍ സ്വന്തം ജനതയുടെ വിവരങ്ങള്‍ വിദേശ കമ്പനിക്കു വില്‍ക്കുന്നത്. ആ കമ്പനിയുടെ ഉടമ മലയാളിയാണ് എന്ന ന്യായീകരണം വിലപ്പോകില്ല. കമ്പനി ആര്‍ക്കു വേണ്ടി, എന്തു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നതാണ് പ്രധാനം. സ്പ്രിഗ്‌ളര്‍ ഏതായാലും ഇന്ത്യയ്ക്കും കേരളത്തിനും വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്;അതൊരു അമേരിക്കന്‍ കമ്പനി തന്നെയാണ്.
മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഈ ഇടപാടിന്റെ മുഴുവന്‍ വിവരങ്ങളും തുറന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കണം; അത് എത്രയും വേഗം വേണംതാനും. വൈകുന്തോറും താങ്കള്‍ വലിയ ദുരൂഹതകള്‍ക്കു വളം വയ്ക്കുകയാണ് എന്നു മനസ്സിലാക്കേണ്ടി വരും; താങ്കളും ആ ദുരുഹതയുടെ ഗുണഭോക്താവാണ് എന്നും വിശ്വസിക്കേണ്ടി വരും.

കേരള സര്‍ക്കാര്‍ സ്പ്രിംഗ്ലര്‍ കമ്പനിക്ക് ജനങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറി എന്ന ആരോപണത്തിന് ഐടി...

Posted by Sobha Surendran on Wednesday, 15 April 2020