വായ്പകൾക്കുള്ള മൊറട്ടോറിയം റിസർവ് ബാങ്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയേക്കും

വായ്പകൾക്കുള്ള മൊറട്ടോറിയം റിസർവ് ബാങ്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയേക്കും

വായ്പകൾക്കുള്ള മൊറട്ടോറിയം റിസർവ് ബാങ്ക് മൂന്ന് മാസം കൂടി നീട്ടിയേക്കും. എസ് ബി ഐ റിസർച്ച് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണ് മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടാനുള്ള സാധ്യത പരിശോധിക്കുന്നത്.

ആദ്യ ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ റിസർവ് ബാങ്ക് മുൻകാല പ്രാബല്യത്തോടെ മാർച്ച് ഒന്ന് മുതൽ മെയ് 31 വരെ മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മാർച്ച് 24നാണ് 21 ദിവസത്തെ ആദ്യ ഘട്ട ലോക്ക് ഡൗൺ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പിന്നീടത് മെയ് 3 വരെയും മൂന്നാം ഘട്ടമായി മെയ് 17 വരെയും നീട്ടി.  ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷൻ അടക്കമുള്ളവർ മൊറട്ടോറിയം നീട്ടണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് ലോക്ക്ഡൗൺ വീണ്ടും നീട്ടുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.  ശനിയാഴ്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് സ്വകാര്യ ബാങ്കുകളുടെയും പൊതുമേഖലാ ബാങ്കുകളുടെയും പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ വായ്പകൾക്ക് മൊറട്ടോറിയം നീട്ടുന്ന കാര്യവും ചർച്ച ചെയ്തിരുന്നു.