ചെലവു കുറയ്ക്കും, പക്ഷെ ഹെലികോപ്റ്റർ ഇടപാടില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവൻഹംസിന് സംസ്ഥാന സര്‍ക്കാര്‍ ഒന്നരക്കോടി രൂപ കൈമാറിയിരുന്നു. എന്നാല്‍ ഇടപാട് ധൂര്‍ത്താണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം

ചെലവു കുറയ്ക്കും, പക്ഷെ ഹെലികോപ്റ്റർ ഇടപാടില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയ്ക്കിടയില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള നടപടിയില്‍ നിന്ന് പിന്നോട്ടു പോകണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി സംസ്ഥാന സര്‍ക്കാര്‍. പ്രതിമാസ വാടകയ്ക്ക് സ്ഥിരമായി ഹെലികോപ്റ്റര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും തീരുമാനിച്ചത് വാങ്ങാൻ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ 19 വൈറസ് ബാധ മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിൻമാറണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. കോടികളുടെ ബാധ്യത വരുത്തുന്ന നടപടി ധൂര്‍ത്താണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടിയിലേയ്ക്ക് പോകേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെലവ് ചുരുക്കല്‍ പ്രതിപക്ഷ നേതാവ് ഉദ്ദേശിക്കുന്നതു പോലെയാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച് പ്രതിപക്ഷം ആരോപണം തുടരുന്നതിനിടെ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയ്ക്ക് ഒന്നരക്കോടി രൂപ അഡ്വാൻസ് നല്‍കിയിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവൻ ഹംസില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ മാവോയിസ്റ്റ് മേഖലകളില്‍ പട്രോളിങിനായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. എന്നാല്‍ ഈ ഇടപാട് അനാവശ്യമാണെന്നും സ്വകാര്യ കമ്പനികള്‍ ഇതിലും കുറഞ്ഞ നിരക്കില്‍ ഹെലികോപ്റ്റര്‍ ലഭ്യമാക്കുന്നുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.