സത്യത്തിൽ നമ്മുടെ അസുഖങ്ങൾ എല്ലാം അസുഖങ്ങളായിരുന്നോ?

പ്രൈവറ്റ് പഞ്ചനക്ഷത്ര ഹോസ്പ്പിറ്റലുകാരുടെ കച്ചവടം കുറഞ്ഞത്രെ.. 

സത്യത്തിൽ നമ്മുടെ അസുഖങ്ങൾ എല്ലാം അസുഖങ്ങളായിരുന്നോ?

കച്ചവടം കുറഞ്ഞത്രെ, കുറച്ച് പൈസ സർക്കാർ സഹായിച്ചില്ലെങ്കിൽ മുന്നോട്ട് പോകാനോ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനോ കഴിയില്ലത്രേ. അടിയന്തിരമായി സഹായിച്ചില്ലെങ്കിൽ ഈ മാസം തൊഴിലാളികൾക്ക് പകുതി ശമ്പളം പോലും നൽകാനാവില്ലത്രേ. പ്രൈവറ്റ് പഞ്ചനക്ഷത്ര ഹോസ്പ്പിറ്റലുകാരുടെ കാര്യമാണ് ഈ പറയുന്നത്. ഐസ്യുവിൽ പൂച്ച പെറ്റ് കിടക്കുകയാണത്രെ. ചങ്കും മത്തങ്ങയും കിഡ്നിയും തലതോറും മാറ്റിവെക്കുന്ന വിഭാഗമൊക്കെ ചിതലരിച്ച് തുടങ്ങിയത്രേ. സ്കാനിങ് മെഷീനൊക്കെ തുരുമ്പിച്ചു പോലും. വാർഡുകളൊക്കെ കാലിയാണെന്ന്. രക്ത കഫ മല മൂത്ര വിഭാഗം ഈച്ചയാട്ടുന്നു പോലും.അത്യാഹിത വിഭാഗത്തിൽ പോലും ഒരു കാൽപ്പെരുമാറ്റം കേട്ടിട്ട് ദിവസങ്ങളായത്രേ. ലോക് ഡൗൺ പ്രഖ്യാപിച്ചതിൽ പിന്നെ ഓപ്പറേഷൻ തിയറ്റർ തുറക്കേണ്ടി വന്നിട്ടില്ല പോലും. എന്താലേ ?

സത്യത്തിൽ നമ്മുടെ ജനങ്ങൾക്ക് അസുഖങ്ങളുണ്ടായിരുന്നോ ? അതോ ചെറിയൊരു അസുഖം വരുമ്പോഴേക്കും ഹോസ്പ്പിറ്റലിലേക്ക് ഓടിയതായിരുന്നോ ? ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ നമ്മുടെ കേരളസർക്കാർ ഒരു കാര്യം പറഞ്ഞിരുന്നു.ആർക്ക് എന്ത് അസുഖം ഉണ്ടായാലും എമെർജൻസി നമ്പറിലേക്ക് വിളിച്ചാൽ ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കുമെന്ന്. മൂന്ന് ശതമാനം പോലും അത്തരത്തിലുള്ള വിളി വന്നില്ലത്രേ ! രോഗിയുടെ കൂടെ വരുന്നവന്റെ വരെ ഹാർട്ട് ഓപ്പറേഷൻ നടത്തിയിരുന്നവരാണ് പഞ്ചനക്ഷത്ര ഹോസ്പ്പിറ്റലുകാർ . മൃതദേഹം പോലും രണ്ട് ദിവസം ഐസ്യുവിൽ പൊതുദർശനത്തിന് വെക്കാതെ എന്തായാലും അവർ വിട്ടുതരില്ലായിരുന്നു. രോഗിയായി വരുന്നവന് ലോകത്തുള്ള എല്ലാ മെഡിക്കൽ മിഷ്യനറിയുടെയും അടിയിലൂടെ കയറിയിറങ്ങാതെ തരമില്ലാത്ത രീതിയായിരുന്നു പഞ്ചനക്ഷത്ര ഹോസ്പ്പിറ്റലുകളിൽ.

ആഡംബര ഹോസ്പിറ്റലുകൾ എന്നല്ല കേരളത്തിലെ ഒട്ടുമിക്ക പ്രൈവറ്റ് ഹോസ്പ്പിറ്റലുകളും ഇപ്പോൾ ഈച്ചയാട്ടുകയാണ്. ഹോസ്പിറ്റലുകാരുടെ കച്ചവടമില്ലേ എന്ന ഈ നിലവിളി കേൾക്കുമ്പോൾ കേരളം അത്രവലിയ രോഗികളുടെ നാടൊന്നുമല്ല എന്ന നിഗമനത്തിൽ നമ്മുക്ക് എത്തേണ്ടി വരും. അസുഖം ഉണ്ട് എന്ന ആധിയിൽ നടക്കുന്നതും ഒരു അസുഖമാണ്. ഒരു കാര്യം കൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം.

പത്ത് പന്ത്രണ്ട് മണിക്കൂർ ജോലി ചെയ്യുന്ന നേഴ്‌സുമാർക്ക് പത്തോ പന്തീരായിരമോ രൂപയെ ശമ്പളമൊള്ളൂ.അപൂർവ്വമായി സംഭവിച്ച നിങ്ങളുടെ ഈ നഷ്ടം അവരുടെ തലയിലേക്ക് വെക്കരുത്. കാരണം ലാഭം കൂടുതലുണ്ടായിട്ടുള്ള മാസങ്ങളിലോ വർഷങ്ങളിലോ നിങ്ങളവർക്ക് എന്തെങ്കിലും കൂട്ടി കൊടുത്തിട്ടുണ്ടോ…? ഇല്ല. അപ്പോൾ പിന്നെ ഈ നഷ്ട്ടം അവരുടെമേൽ ചാർത്തികൊടുക്കാനുള്ള അവകാശം നിങ്ങൾക്കില്ല. മറ്റൊന്നുകൂടി, ഇനിയും മരുന്നു കണ്ടുപിടിക്കാത്ത നിപ്പയെയും കൊറോണയെയും പ്രതിരോധിക്കാൻ പ്രൈവറ്റുകാരെയെല്ലാം വെല്ലുന്ന സജ്ജീകരണങ്ങളുമായി നമ്മുടെ സർക്കാർ ആശുപത്രികൾ തയ്യാറായത് കണ്ണടച്ചുതുറക്കുന്ന വേഗതയിലാണ്.

സ്വന്തം ജീവനെ ഭയക്കാതെ എവിടെ ആവശ്യമുണ്ടോ അവിടെ ഞങ്ങൾ തയ്യാറാണെന്ന് പറഞ്ഞ് മുന്നോട്ടു വന്നത് അവരാണ്. അവരുടെ കയ്യിൽ സുരക്ഷിതമാണ് ഇന്ന് കേരളം. ഭയം വളർത്തി ഒരു രോഗിയെ ഒരു കൺസ്യൂമറാക്കി മാറ്റുന്ന ഹോസ്പിറ്റൽ വ്യവസായത്തിന്റെ ഇരകളാണ് നമ്മളിൽ ഭൂരിഭാഗം പേരും എന്ന് ഈ ലോക് ഡൗൺ കാലയളവ് നമ്മോട് വിളിച്ച് പറയുന്നു..

കടപ്പാട് : സോഷ്യൽ മീഡിയ