കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു, ഇന്ന് കുറെപ്പേര്‍ കൂടി രോഗമുക്തരാകും: ആരോഗ്യമന്ത്രി

കൊവിഡ് കേസുകള്‍ കേരളത്തില്‍ കുറയുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും ആശ്വാസമായി എന്നു പറയാന്‍ കഴിയുകയില്ല. ഇതര സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉളവാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു, ഇന്ന് കുറെപ്പേര്‍ കൂടി രോഗമുക്തരാകും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്ന് കുറെപ്പേര്‍ക്ക് കൂടി രോഗം ഭേദമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ഞായറാഴ്ച ഒരാള്‍ക്ക് പോലും രോഗം കണ്ടെത്താതിരുന്നത് ആശ്വാസം നല്‍കുന്നതാണ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

'പൂര്‍ണ്ണമായും ആശ്വാസമായി എന്നു പറയാന്‍ കഴിയുകയില്ല. ഇതര സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉളവാക്കുന്നുണ്ട്. എല്ലായിടത്തും രോഗബാധിതരുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ പൂര്‍ണ്ണമായി ആശ്വാസം ലഭിക്കുകയുള്ളൂ. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരുും ഇതിനു വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്', ആരോഗ്യമന്ത്രി പറഞ്ഞു.

'രോഗബാധ ഉണ്ടെന്ന് സംശയം ഉള്ളവരെ മുഴുവന്‍ ക്വാറന്റീന്‍ ചെയ്യാന്‍ സാധിച്ചു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവന്‍ കണ്ടെത്താന്‍ സാധിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ പോലും പരിശോധനയ്ക്ക് വിധേയമാക്കി. എങ്കിലും കോണ്‍ടാക്ട് ട്രേസിങില്‍ ഒരു കണ്ണി വിട്ടുപോകാം. അതില്‍ നിന്ന് കുറച്ച് കേസുകള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളി കളയാന്‍ സാധിക്കുകയില്ല. അത്തരത്തില്‍ ഭയം ഉണ്ട്. എങ്കിലും നിലവില്‍ ഫലപ്രദമായി കോണ്‍ടാക്ട് ട്രേസിങ് നടത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്', മന്ത്രി കൂട്ടിച്ചേര്‍ത്തു.

'പത്ത് രോഗബാധിതരെ കണ്ടെത്തുമ്പോള്‍ 1000 കേസുകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകളാണ് നടത്തിയത്. കിറ്റ് കിട്ടുന്ന മുറയ്ക്ക് ആന്റി ബോഡി ടെസ്റ്റ് ആരംഭിക്കും. ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാം തയ്യാറാക്കി കഴിഞ്ഞു', ആരോഗ്യമന്ത്രി വ്യക്തമാക്കി.