വിജയകരമായ കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന് ഇറ്റലി

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ മനുഷ്യകോശങ്ങളെ കൊറോണ വൈറസ് ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്ന ആന്‍റിബോഡികള്‍ രൂപപ്പെട്ടെന്നും രണ്ട് ഡോസ് വാക്സിൻ കൊണ്ട് മികച്ച ഫലം ലഭിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു

വിജയകരമായ കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന് ഇറ്റലി

കൊവിഡ്-19 പ്രതിസന്ധി അവസാനിപ്പിക്കാൻ ലോകരാജ്യങ്ങള്‍ കഠിനപ്രയത്നം നടത്തുന്നതിനിടെ ഇറ്റലിയില്‍ നിന്നൊരു ശുഭവാര്‍ത്ത. ലോകത്താദ്യമായി മനുഷ്യരില്‍ ഉപയോഗിക്കാവുന്ന കൊവിഡ്-19 വാക്സിൻ വികസിപ്പിച്ചതായാണ് ഇറ്റലിയുടെ അവകാശവാദം. റോമിലെ ഇൻഫെക്ഷ്യസ് ഡിസീസസ് സ്പല്ലാൻസാനി ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയില്‍ വാക്സിൻ ഫലം കണ്ടെന്നാണ് അറബ് ന്യൂസിന്‍റെ റിപ്പോര്‍ട്ട്. ഇറ്റലിയില്‍ ഇതാദ്യമായാണ് ഒരു വാക്സിൻ പരീക്ഷണം ഇത്രയധികം മുൻപോട്ടു പോകുന്നതെന്നാണ് വാക്സിൻ വികസിപ്പിച്ച സ്ഥാപനമായ ടാകിസിന്‍റെ സിഇഓ ലൂഗി ഓറിസിചിയോ വാര്‍ത്താ ഏജൻസിയായ എഎൻഎസ്എയോട് പറഞ്ഞത്.

വാക്സിന്‍റെ മനുഷ്യരിലുള്ള പരീക്ഷണം ഉടൻ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വാക്സിൻ ശാസ്ത്രജ്ഞര്‍ എലികളില്‍ പരീക്ഷിച്ചപ്പോള്‍ പ്രവര്‍ത്തിച്ചെന്നും അവയുടെ ശരീരത്തില്‍ മനുഷ്യകോശങ്ങളെ കൊറോണ വൈറസില്‍ നിന്ന് ചെറുക്കുന്ന ആന്‍റിബോഡികളുണ്ടായെന്നും ഗവേഷകര്‍ വ്യക്തമാക്കി. പരീക്ഷണ ഘട്ടത്തിലുള്ള അഞ്ച് വാക്സിനുകള്‍ നിരീക്ഷിച്ച് അവയില്‍ നിന്ന് ഏറ്റവും മികച്ച ഫലം നല്‍കിയ രണ്ട് വാക്സിനുകളാണ് ഗവേഷണകര്‍ തെരഞ്ഞെടുത്തത്. കൊറോണ വൈറസിന്‍റെ മുകളിലെ സ്പൈക്ക് പ്രോട്ടീനുകളില്‍ നിന്ന് വികസിപ്പിച്ചവയാണ് ഈ വാക്സിനുകള്‍.

തങ്ങള്‍ വികസിപ്പിച്ച അഞ്ച് വാക്സിനുകള്‍ക്കും കൊവിഡ്-19 വൈറസിനെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ട് ഡോസ് വാക്സിൻ നല്‍കിയാല്‍ കൂടുതല്‍ മികച്ച ഫലം ലഭിക്കുമെന്നും അവര്‍ പറഞ്ഞു. കൊവിഡ്-19 മൂലമുണ്ടാകുന്ന പുതിയ രോഗബാധകള്‍ക്കും വൈറസിന്‍റെ മൂട്ടേഷനുകള്‍ക്കും ഈ വാക്സിൻ ഗുണം ചെയ്തേക്കുമന്നും അവര്‍ വ്യക്തമാക്കി. ഗവേഷകരുടെ വാക്കുകള്‍ ശരിയായാല്‍ ലോകവ്യാപകമായി ഒരൊറ്റ വാക്സിൻ കൊണ്ടു തന്നെ എല്ലാവര്‍ക്കും പ്രതിരോധശേഷിയുണ്ടാക്കാൻ കഴിയും.

ലോകവ്യാപകമായി കൊവിഡ്-19നെതിരെ നൂറിലധികം വാക്സിൻ പരീക്ഷണങ്ങളാണ് നടക്കുന്നത്. യുഎസ്, ചൈന, യുകെ എന്നീ രാജ്യങ്ങള്‍ വികസിപ്പിച്ച വാക്സിനുകള്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ വാക്സിൻ ഉത്പാദിപ്പിച്ചു വിതരണം ചെയ്യാൻ ഇനിയും ഏറെ സമയമെടുത്തേക്കുമെന്നാണ് കരുതപ്പെടുന്നത്.