വയനാട്ടില്‍ കുരങ്ങുകള്‍ക്ക് പിന്നാലെ പൂച്ചകള്‍ ചാകുന്നു; വൈറസ് എന്ന് നിഗമനം, കടുവയുടെ ജഡം

വയനാട്ടില്‍ കുരങ്ങുകള്‍ക്ക് പിന്നാലെ പൂച്ചകള്‍ ചാകുന്നു; വൈറസ് എന്ന് നിഗമനം, കടുവയുടെ ജഡം
Photo courtesy- social media

കുരങ്ങുകള്‍ക്ക് പിന്നാലെ വയനാട്ടില്‍ പൂച്ചകള്‍ ചാകുന്നു. മാനന്തവാടി കണിയാരം, കുഴിനിലം പ്രദേശങ്ങളിലാണ് നിരവധി പൂച്ചകള്‍ ചത്തത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. വൈറസ് ബാധയാണെന്നാണ് പ്രാഥമിക നിഗമനം. കൊറോണ വൈറസുമായി ബന്ധപ്പെട്ട നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കണിയാരം ലക്ഷംവീട് പ്രദേശത്ത് ഒരാഴ്ച്ചക്കിടെ എട്ട് പൂച്ചകളും കുഴിനിലത്ത് മൂന്ന് പൂച്ചകളുമാണ് ചത്തത്. മൃഗസംരക്ഷണ വകുപ്പ് എപ്പിഡമോളജിസ്റ്റ് ഡോ. ദിലീപ് ഫല്‍ഗുണന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ചത്ത പൂച്ചകളുടെ സാംപിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. വൈറസ് ബാധയേറ്റതാകാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. ആശങ്കപ്പെടാനില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ ജില്ലയില്‍ കുരങ്ങുകള്‍ ചത്തത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. കുരങ്ങുപനിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് മേഖലയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. ആറ് വയസുള്ള ആണ്‍കടുവയുടെ ജഡമാണ് കണ്ടത്. താത്തൂര്‍ സെക്ഷനില്‍ അമ്പതേക്കര്‍ വനമേഖലയിലായിരുന്നു ജഡം. രണ്ട് ദിവസം മുമ്പ് ചത്തതാണെന്ന് കരുതുന്നു. വേനല്‍ കടുക്കുമ്പോള്‍ വന്യജീവികള്‍ ചാകുന്നത് പതിവാണ് എന്നാണ് അധികൃതരുടെ വിശദീകരണം