നിപയും കൊവിഡും വ്യാപിച്ചത് സമാനമായ രീതിയിൽ?; കേരളത്തിലെ വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി

കേരളം, ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച സാംപിളുകളിൽ നിന്നാണ് കൊറോണ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. ഐസിഎംആറിൻ്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നിപയും കൊവിഡും വ്യാപിച്ചത് സമാനമായ രീതിയിൽ?; കേരളത്തിലെ വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി

ന്യൂഡൽഹി: കേരളം കൊവിഡ്-19 ഭീഷണിയിൽ നിന്ന് കരകയറുന്നതിനിടെ സംസ്ഥാനത്ത് വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി. ഐസിഎംആറിൻ്റെ പരിശോധനയിലാണ് കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള വവ്വാലുകളിൽ കൊവിഡ് വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്.

2018-2019 വർഷങ്ങളിൽ കേരളം, ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ചവയിലാണ് കൊറോണ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. ഗുജറാത്ത്, ഒഡീഷ, പഞ്ചാബ്, തെലങ്കാന, തമിഴ്‌നാട് എന്നിവടങ്ങളിൽ നിന്നും സാംപിളുകൾ ശേഖരിച്ചിരുന്നു.

റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളുടെ തൊണ്ടയിൽ നിന്നും മലാശയത്തിൽ നിന്നും ശേഖരിച്ച സാംപിളുകളിൽ നിന്നാണ് കൊറോണ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ വവ്വാലുകളിൽ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയത് ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് ഐസിഎംആറിൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേരളമാണ് ഏറ്റവും കൂടുതൽ ആശങ്കപ്പെടേണ്ടത്. വിവിധ തരത്തിലുള്ള വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന സംസ്ഥാനമാണ് കേരളം. ഈ സാഹചര്യം പലവിധ പകർച്ചവ്യാധികൾക്ക് വഴിവെക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് വ്യാപനത്തിന് മുൻപ് കേരളത്തെ ആശങ്കപ്പെടുത്തിയ നിപ വൈറസ് വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തിയതെന്ന് കണ്ടെത്തിയിരുന്നു. പശ്ചിമഘട്ട മേഖലകളിൽ സസ്‌തനികളും പലതരത്തിലുള്ള വവ്വാലുകളുമുണ്ട്. കേരളത്തിന് ആശങ്ക പകരുന്നതും ഇതേ സാഹചര്യമാണ്. കൊറോണ വൈറസുകളുടെ ഉറവിടം സസ്‌തനികളിൽ നിന്നാണെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നതാണ് കൊറോണ, നിപ വൈറസുകൾ. കേരളത്തിലെ വവ്വാലുകളിലും കൊറോണ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയത് ആശങ്ക പകരുന്നതാണ്.

വൈറസ് വ്യാപനം ഉണ്ടാകാതിരിക്കുക എന്നത് മാത്രമാണ് പ്രതിവിധി. ഇതിനായി വന്യമൃഗസംരക്ഷണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പൗൾട്രി വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവ സഹകരിച്ച് പ്രവർത്തിക്കണമെന്ന് ഐസിഎംആർ വ്യക്തമാക്കുന്നു. ഇതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും പഠനം പറയുന്നു.