ലോകത്തിന് തിളങ്ങുന്ന ഉദാഹരണമായിരിക്കും കേരളം: പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

കൊവിഡ് 19 വൈറസ് ബാധ നിയന്ത്രണവിധേയമാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നതിനിടയിലാണ് പ്രശംസയുമായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയത്. ഇങ്ങനെ മുൻപോട്ടു പോയാല്‍ കേരളം ലോകത്തിനു തന്നെ മാതൃകയാകുമെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു.

ലോകത്തിന് തിളങ്ങുന്ന ഉദാഹരണമായിരിക്കും കേരളം: പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

മുംബൈ: കേരളത്തിന്‍റെ കൊവിഡ് 19 പ്രതിരോധത്തെ പ്രശംസിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. സംസ്ഥാനത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇതുപോലെ തന്നെ തുടര്‍ന്നാല്‍ ഇത് ലോകത്തിന് തന്നെ മാതൃകയാകുമെന്നാണ് ആനന്ദ് മഹീന്ദ്രയുടെ വാക്കുകള്‍. കേരളത്തില്‍ വൈറസ് ബാധ നിയന്ത്രണവിധേയമാക്കിയത് സംബന്ധിച്ച് ബിബിസിയില്‍ വന്ന വാര്‍ത്ത പങ്കുവെച്ചു കൊണ്ടാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്ന പ്രതിരോധ മാതൃകയെപ്പറ്റി പല അന്താരാഷ്ട്ര് മാധ്യമങ്ങളും ഇതിനോടകം വാര്‍ത്ത നല്‍കിയിരുന്നു. രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും പുതുതായി രോഗം റിപ്പോര്‍ട്ടു ചെയ്യുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ ഓരോ ദിവസവും കേരളത്തില്‍ രോഗസൗഖ്യം നേടുകയാണ്. ഇത്തരത്തില്‍ കൊവിഡ 19 ഗ്രാഫ് ഉയരുന്നത് പൂര്‍ണമായും നിയന്ത്രിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തിലാണ് ആനന്ദ് മഹീന്ദ്രയുടെ പ്രശംസ.