ലോക്ക് ഡൗണിനെ അനുകൂലിച്ച്‌ കൂടുതല്‍ സംസ്ഥാനങ്ങള്‍ , കേന്ദ്ര തീരുമാനം ഇന്ന്

ലോക്ക് ഡൗണിനെ അനുകൂലിച്ച്‌ കൂടുതല്‍ സംസ്ഥാനങ്ങള്‍ , കേന്ദ്ര തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് രണ്ടാഴ്ചയായി തുടരുന്ന ലോക്ക് ഡൗണ്‍ സംബന്ധിച്ച്‌ ഇന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരാനിരിക്കെ,​ അടച്ചിടല്‍ തുടരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമായ സൂചന നല്‍കി. രോഗവ്യാപനം തടയാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നു പറഞ്ഞ മന്ത്രി,​ എല്ലാ സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പറഞ്ഞു.

വ്യാഴാഴ്‌ച ഒഡിഷ സ്വന്തം നിലയ്‌ക്ക് ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ 30 വരെ നീട്ടിയതിനു പിന്നിലെ ഇന്നലെ പഞ്ചാബും അടച്ചിടല്‍ കാലയളവ് ദീര്‍ഘിപ്പിച്ചിരുന്നു. കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതിനെ അനുകൂലിക്കുന്നുമുണ്ട്.

ഈ സാഹചര്യത്തില്‍,​ ചെറിയ ചില ഇളവുകളോടെ രാജ്യവ്യാപക ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടാനാകും കേന്ദ്ര തീരുമാനമെന്നാണ് സൂചന. കൊവിഡ് വ്യാപനം പൂര്‍ണമായി തടയാന്‍ അഞ്ച്- ആറ് ആഴ്‌ചകള്‍ വേണ്ടിവരുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി സൂചിപ്പിച്ചത്.

അതേസമയം,​ രാജ്യത്ത് 24 മണിക്കൂറിനിടെ 896 പുതിയ കേസുകളും 37 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. ഒരു ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയാണ്. ആകെ മരണം 206 ആയി. രോഗികള്‍ 6700 കടന്നു

ഈ മാസം 14 ന് അവസാനിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരും ഇന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ച ശേഷമാകും അന്തിമ തീരുമാനം. ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് കക്ഷി നേതാക്കളുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.